Society Today
Breaking News

കൊച്ചി: ഇരുപത്തിനാലാമത് ഡെബിയന്‍ കോണ്‍ഫറന്‍സിന് സെപ്റ്റംബര്‍ പത്തിന് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ തുടക്കം. ഇന്നലെ ആരംഭിച്ച സമ്മേളനം സെപ്റ്റംബര്‍ 17ന് അവസാനിക്കും. മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ എണ്‍പത്താറോളം പ്രഭാഷണങ്ങള്‍ ഉള്‍കൊള്ളുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഡെബ്‌കോണ്‍ഫ് ആണ് 2023ല്‍ ഇന്‍ഫോപാര്‍ക്കില്‍ നടക്കുന്നത്. ഡെബിയനില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഡെബിയന്‍ മെച്ചപ്പെടുത്താന്‍ താല്‍പ്പര്യമുള്ള ഉപയോക്താക്കള്‍ക്കും വേണ്ടിയുള്ള വാര്‍ഷിക സമ്മേളനമാണ് ഡെബ്‌കോണ്‍ഫ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡെബിയന്‍ ഡെവലപ്പര്‍മാരും ഉപയോക്താക്കളുമാണ് പരിപാടിയുടെ ഭാഗമാകുന്നത്. ഡെബ്‌കോണ്‍ഫിനോടനുബന്ധിച്ച് സെപ്റ്റംബര്‍ രണ്ടു മുതല്‍ ഒന്‍പത് വരെ നീളുന്ന ഡെബ്ക്യാമ്പും നടത്തുന്നുണ്ട്. ഡെബിയന്‍, എസ്.പി.ഐ, ഡെബിയന്‍ ഇന്ത്യ, ഡെബിയന്‍ ഫ്രാന്‍സ്, ഡെബിയന്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, ഫോസ്സ് യുണൈറ്റെഡ് ഫൗണ്ടേഷന്‍, ഇന്‍ഫോപാര്‍ക്ക് എന്നിവരുടെ ആഭിമുഖ്യത്തിലാണ് ഈ വാര്‍ഷിക സംഗമം നടക്കുന്നത്.

സീമന്‍സ്, ഇന്‍ഫോമാനിയാക്, പ്രോക്‌സ്‌മോക്‌സ് തുടങ്ങിയവരാണ് ഈ സമ്മേളനത്തിന്റ പ്രധാന പ്രായോജകര്‍. ഇന്‍ഫോപാര്‍ക്കിലെ അതുല്യ ഓഡിറ്റോറിയത്തിലും, ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണ്‍ ഹോട്ടലിലുമായി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ഇന്നലെ ശ്രുതി ചന്ദ്രന്‍, ജോന്നാഥന്‍ മക്‌ഡോവെല്‍, നികോളാസ് ഡെന്‍ഡ്രിമോണ്ട്, ജോസെ എം കള്‍ഹാരിസ്, ഹെക്റ്റര്‍ ഓറോണ്‍ മാര്‍ട്ടിനെസ്, രാധിക ജലാനി, ഒറേന്‍ഡ്ര സിങ്ങ്, അരുണ്‍ മണി .ജെ, രാഗുല്‍ ആര്‍, ക്രിസ്റ്റി പ്രോഗ്രി, വിഗ്‌നേഷ്, കിരണ്‍ എസ്. കുഞ്ഞുമോന്‍, മറ്റിയ റിസോലോ, ജൊനിയോ മാര്‍ക്വസ് ഡ കോസ്റ്റ, സൂരജ് കുമാര്‍ മഹതോ, ഡേവിഡ് ഹെയ്‌ഡെല്‍ബെര്‍ഗ്, രവി ദ്വിവേദി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ഗ്‌നു/ലിനക്‌സ് അടിസ്ഥാനമാക്കി ഡെബിയന്‍ പ്രോജക്റ്റ് വികസിപ്പിച്ച് പരിപാലിക്കുന്ന ഒരു സ്വതന്ത്ര സോഫ്‌ട്വെയര്‍ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഡെബിയന്‍. കംപ്യുട്ടറുകളിലും സെര്‍വറുകളിലും മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ആപ്പിള്‍ മാക്ഓഎസ് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്ക് ബദലായി ഇത് ഉപയോഗിക്കപ്പെടുന്നു. ഡെബിയന്റെ ഡൗണ്‍ലോഡ് പേജില്‍ (ംംം.റലയശമി.ീൃഴ/റീംിഹീമറ) നിന്നും ഡെബിയന്‍ ഡൗണ്‍ലോഡ് ചെയ്യാനും സ്വന്തം കംപ്യുട്ടറിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യാനും സാധിക്കും. 

Top